Kerala
കാസർഗോഡ്: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചിറ്റാരിക്കൽ കാറ്റാം കവലയിലുണ്ടായ അപകടത്തിൽ മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.
കർണാടക സ്വദേശികളായ ആറു കുട്ടികൾ ഉൾപ്പെടെ 49 പേരാണ് ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ചെറുപുഴയിലെയും പയ്യന്നൂരിലെയും ആശുപത്രികളിലേക്ക് മാറ്റി.
ശബരിമല ദർശനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു സംഘം. നിയന്ത്രണം വിട്ട ബസ് 30 അടി താഴ്ചയിലേയ്ക്കു മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
കാസർഗോഡ്: ഹനാൻ ഷായുടെ സംഗീതപരിപാടിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഇരുപതുപേർക്ക് പരിക്ക്. കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തുള്ള മൈതാനത്ത് നടത്തിയ പരിപാടിക്കിടെയാണ് അപകടമുണ്ടായത്.
പരിപാടി ആരംഭിക്കുന്നതിന് മുൻപേ ആളുകൾ തടിച്ചുകൂടിയിരുന്നു. ഇതും തിക്കും തിരക്കും ഉണ്ടാകാൻ കാരണമായി. ഇതിനിടെ ചിലർ തളർന്നു വീണതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. ഇതിനിടെ ചിലർക്ക് വീണും പരിക്കേറ്റു.
ഉൾക്കൊള്ളാവുന്നതിലുമേറെ ആളുകൾ പരിപാടിക്ക് എത്തിയതാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു. തിരക്ക് നിയന്ത്രണാതീതമായതോടെ സംഗീത പരിപാടി അവസാനിപ്പിക്കാൻ പോലീസ് നിർദേശം നൽകി.
അപകടത്തില്‍പ്പെട്ടവരുടെ നില ഗുരുതരമല്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പോലീസ് പറഞ്ഞു. അപകട വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ബി.വി.വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
Kerala
കൊല്ലം: വന്ദേഭാരത് ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ ഒരാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ചിന് ചിന്നക്കട റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തുവച്ചുണ്ടായ സംഭവത്തിൽ പ്രാക്കുളം പണ്ടാരഴികത്ത് സുനിൽ (38) നെയാണ് അറസ്റ്റ് ചെയ്തത്.
കല്ലേറിൽ കാസർഗോഡ് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ സി ഒന്ന് കോച്ചിന്റെ ചില്ലുപൊട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുനിലിനെ കസ്റ്റഡിയിലെടുത്തത്.
പ്രതി കുറ്റം സമ്മതിച്ചെന്ന് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്ത് മകന് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. വോര്‍ക്കാടി സ്വദേശി ഹില്‍ഡ മൊണ്ടേറ(60) ആണ് മരിച്ചത്. പ്രതി മെൽവിൻ മൊണ്ടേറ ഒളിവിലാണ്.
അയൽക്കാരിയായ ലോലിതയേയും മെൽവിൽ തീ കൊളുത്തി. ഇവരെ പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാവിനായി തെരച്ചിൽ തുടങ്ങിയതായി പോലീസ് അറിയിച്ചു.
District News
കാസർഗോഡ്-മംഗലാപുരം റെയിൽവേ പാതയിൽ കൂടുതൽ പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി റെയിൽവേ അധികൃതർക്ക് നിവേദനം നൽകി. യാത്രാ ക്ലേശം രൂക്ഷമായ ഈ റൂട്ടിൽ പുതിയ സർവീസുകൾ അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, വ്യാപാരികൾ എന്നിവരടക്കം നിരവധി പേർ ഈ പാതയെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്.
നിലവിലുള്ള ട്രെയിനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ദിവസേന യാത്ര ചെയ്യുന്നവരെ സാരമായി ബാധിക്കുന്നുണ്ട്. തിരക്ക് കാരണം പലർക്കും സമയത്തിന് ജോലി സ്ഥലങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ എത്താൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ അധിക സർവീസുകൾ അനിവാര്യമാണ്.
റെയിൽവേ വികസനത്തിന് കാസർഗോഡിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലൂടെ യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനും മേഖലയുടെ വികസനം വേഗത്തിലാക്കാനും സാധിക്കുമെന്നും സമിതി അഭിപ്രായപ്പെട്ടു. റെയിൽവേ മന്ത്രിക്ക് ഉൾപ്പെടെ നിവേദനം അയച്ചിട്ടുണ്ട്.